സദ്ഭാവന:
നിങ്ങളില്‍ വിശ്വസിക്കൂ...
ഒരു ദിവസം ഗുരു പാഠശാലയിലെത്തിയത് ശിഷ്യന്മാർക്ക് നൽകാൻ കുറേ പഴങ്ങളുമായാണ്.അവ വിതരണം ചെയ്യാൻ ഏറ്റവും മിടുക്കനായ ശിഷ്യനെ ഗുരു വിളിച്ചു.പഴക്കൂട വാങ്ങിയതിനുശേഷം ഇത് ആർക്ക് കൊടുത്തുതുടങ്ങണം എന്ന് അവൻ ഗുരുവിനോട് ചോദിച്ചു.
"നിനക്ക് ഏറ്റവും വിശ്വാസമുള്ള ആൾക്ക് കൊടുക്കാം" എന്ന് ഗുരു പറഞ്ഞു.
മറ്റ് ശിഷ്യന്മാർ വിചാരിച്ചത് അവൻ ആ പഴം ആദ്യം കൊടുക്കുക ഗുരുവിനായിരിക്കും എന്നാണ്.എന്നാൽ അവൻ ഒരു പഴം എടുത്ത് സ്വയം കഴിക്കുകയാണ് ചെയ്തത്.ഇതുകണ്ട മറ്റ് ശിഷ്യന്മാർ അമ്പരന്നുവെങ്കിലും ഗുരു പുഞ്ചിരിതൂകി.
"നീ എന്താണ് ഇങ്ങനെ ചെയ്തത്?" എന്ന് അവർ അവനോട് ചോദിച്ചു.
"എനിക്ക് ഈ ലോകത്ത് ഏറ്റവും വിശ്വാസം എന്നെത്തന്നെയാണ് " എന്നായിരുന്നു അവന്റെ മറുപടി.
ഈ ലോകം മുഴുവൻ അവിശ്വസിച്ചാലും തന്നിൽ തന്നെ ഉറച്ചു വിശ്വസിക്കുന്നവൻ ജീവിതയാത്രയിൽ തളർന്നു വീഴുകയില്ല.എന്നാൽ സ്വന്തം കഴിവുകളിൽ വിശ്വാസമില്ലാത്തവൻ തന്റെ ആവശ്യങ്ങൾ നിറവേറ്റാൻ മറ്റുള്ളവരുടെ മുൻപിൽ കൈനീട്ടും.അവരുടെ അഭിപ്രായങ്ങൾക്ക് അനുസരിച്ച് ജീവിക്കും.അവനവനെക്കാൾ കൂടുതൽ മറ്റുള്ളവരെ വിശ്വസിക്കുന്നവൻ തന്റെ ജീവിതത്തിൽ സ്വയം പരിഹാസ്യനാകുകയാണ് ചെയ്യുന്നത്.നമ്മുടെ ജീവിതം നാം തന്നെയാണ് നിയന്ത്രിക്കേണ്ടത്. അതിനു വേണ്ടത് നമ്മിൽത്തന്നെ യുള്ള അടിയുറച്ച വിശ്വാസമാണ്.നമ്മിലുള്ള ആത്മ വിശ്വാസക്കുറവുമൂലം നമ്മുടെ നിയന്ത്രണം മറ്റാരെയെങ്കിലും ഏൽപ്പിച്ചാൽ അവർ അവർക്കിഷ്ടമുള്ളിടത്തേക്ക് നമ്മെ നയിച്ചുകൊണ്ടുപോകും.
Comments
Post a Comment