സ്വയം മെനഞ്ഞ കൂടുകൾ...
CAREER CATALYST
ഒരു രാജകുമാരിക്ക് പിറന്നാൾ സമ്മാനമായി ലഭിച്ചത് വർണ്ണശോഭയുള്ളൊരു തത്തയെയാണ്. സ്വർണ്ണനൂലിൽ തീർത്തൊരു കൂടൊരുക്കി, അമൂല്യമായ ആഹാരവും നൽകി അവൾ തത്തയെ പൊന്നുപോലെ കാത്തു. എന്നാൽ, കൂട്ടിലെ സ്വർഗ്ഗത്തിൽ തത്തയുടെ മനസ്സ് സന്തോഷിച്ചില്ല; ചിറകുകൾ അനങ്ങാതെ, ശബ്ദമില്ലാതെ അത് മൗനമായി നിന്നു. ദിവസങ്ങൾ കടന്നുപോയി, രാജകുമാരിയുടെ നിസ്വാർത്ഥ സ്നേഹവും പരിചരണവും ആ മരവിച്ച ഹൃദയത്തിൽ പതിയെ ചലനങ്ങളുണ്ടാക്കി. ആഹാരം കൊത്തിത്തിന്നാനും, ഓരോ വാക്കായി മൊഴിയാനും തത്ത പഠിച്ചു. കാലം അവരെ ഉറ്റ ചങ്ങാതിമാരാക്കി മാറ്റി.
കരുതലിന്റെ തടവറ.
ഒരുനാൾ, രാജകുമാരിക്ക് കടുത്ത അസുഖം പിടിപെട്ട് കിടപ്പിലായി. അപ്പോഴാണ് അവൾ കൂട്ടിലകപ്പെട്ട തത്തയുടെ ഏകാന്തത തിരിച്ചറിഞ്ഞത്. "ഇതിനെ തുറന്നുവിടൂ," അവൾ ദാസിയോട് കല്പിച്ചു. എന്നാൽ വിചിത്രമെന്നു പറയട്ടെ, കൂട്ടിൽ നിന്നോ മുറിയിൽ നിന്നോ പറന്നുയരാൻ തത്ത തയ്യാറായില്ല. സ്വാതന്ത്ര്യത്തിന്റെ വിശാലതയിലേക്ക് പറന്നുയരാനുള്ള ചിറകുകൾക്ക് അത് മറന്നുപോയിരുന്നു.
ഈ കഥ നമ്മെ ഓർമ്മിപ്പിക്കുന്നത് കരുതലെന്ന് നമ്മൾ തെറ്റിദ്ധരിക്കുന്ന പല ബന്ധങ്ങളും സാഹചര്യങ്ങളും യഥാർത്ഥത്തിൽ ഒരു തടവറയായി മാറിയേക്കാം. കൂട്ടിലടയ്ക്കപ്പെട്ട ഓരോ ജീവിയും മറ്റൊരാളുടെ സ്വാർത്ഥമായ "കാഴ്ചാസുഖം" എന്ന താൽപ്പര്യത്തിന്റെ ഇരയാണ്. ഒരാളെ തകർക്കാൻ ഏറ്റവും എളുപ്പവഴി, അവന്റെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റി, അറിയാതെ അവനൊരു കൂടുണ്ടാക്കുക എന്നതാണ്. എളുപ്പത്തിൽ എല്ലാം ലഭിക്കുമ്പോൾ, സ്വന്തമായി പ്രയത്നിക്കാനുള്ള ത്വര നശിക്കുന്നു. കൂടൊരുക്കുന്ന സംരക്ഷകരല്ല, ചൂഷകർ. നമ്മുടെ ജീവിതത്തിലും ഇത്തരം അദൃശ്യമായ കൂടുകൾ നിരവധിയുണ്ട്. നമ്മളെ സംരക്ഷിക്കുന്നവരെല്ലാം യഥാർത്ഥ രക്ഷകരാകണമെന്നില്ല . നമ്മൾ സ്വയം സൃഷ്ടിച്ച കൂടുകൾക്കുള്ളിൽ അകപ്പെട്ടിട്ടുണ്ടോ എന്ന് ആത്മപരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. ചിലപ്പോൾ നമ്മുടെ ശീലങ്ങൾ, ബന്ധങ്ങൾ, ജീവിതരീതികൾ എന്നിവ പോലും ഒരു തടവറയായി മാറിയേക്കാം. നിബന്ധനകൾക്ക് വിധേയമായ ബന്ധങ്ങൾ, അല്ലെങ്കിൽ ഒരാളുടെ ഇഷ്ടങ്ങൾക്ക് മാത്രം പ്രാധാന്യം നൽകുന്ന കൂട്ടുകെട്ടുകൾ എന്നിവയെല്ലാം "കൂടൊരുക്കുന്നവരുടെ" സ്വഭാവങ്ങളാണ്. അത്തരം ബന്ധങ്ങളിൽ മറ്റൊരാളുടെ സ്വാതന്ത്ര്യത്തിനോ വ്യക്തിത്വത്തിനോ സ്ഥാനമില്ലാതെ വരും.
"നമ്മൾ ഇപ്പോൾ ജീവിക്കുന്നത് നമുക്കർഹമായ ആവാസവ്യവസ്ഥയിലാണോ, അതോ ആരോ നമ്മളെ തള്ളിയിട്ട ഒരു കെണിവലയിലാണോ?"
ഈ ചോദ്യം സ്വയം ചോദിക്കുന്നത് ഉണർവ്വേകും. ആത്മബോധവും സ്വാതന്ത്ര്യവും ആഗ്രഹിക്കാത്ത സാഹചര്യങ്ങളോടും വ്യവസ്ഥകളോടും തുടക്കത്തിൽ തോന്നുന്ന അനിഷ്ടം പതിയെ ഒരു അടിമത്തമായി മാറും. സ്വന്തം കഴിവുകളെയും സാധ്യതകളെയും തിരിച്ചറിയാതെ, താനാരാണെന്നും എന്തായിത്തീരാൻ ശേഷിയുണ്ടെന്നും അറിയാതെ, ആരുമല്ലാത്ത അവസ്ഥയിൽ ജീവിതം അവസാനിക്കാൻ അത് വഴിയൊരുക്കും. കൂടിനുള്ളിൽ ലഭിക്കുന്ന "കയ്യടികളും കായ്കനികളും" യഥാർത്ഥ പ്രോത്സാഹനങ്ങളല്ല; അവ നിങ്ങളുടെ ആത്മബോധവും വളർച്ചയ്ക്കുള്ള സാധ്യതയും പണയം വെച്ചതിന് ലഭിക്കുന്നൊരു കൈക്കൂലി മാത്രമാണ്. യഥാർത്ഥ പ്രോത്സാഹനം നിങ്ങളെ തടവറകളിൽ നിന്ന് പുറത്തുകടക്കാനും, സ്വന്തം ലക്ഷ്യങ്ങളിലേക്ക് മുന്നേറാനുമുള്ള ആവേശം നൽകും. ജീവിതത്തിൽ എത്രകാലം സുഖമായി ജീവിച്ചു എന്നതിനേക്കാൾ, എത്ര അർത്ഥവത്തായി ജീവിച്ചു എന്നതാണ് പ്രധാനം. നിങ്ങളുടെ സ്വാതന്ത്ര്യവും ആത്മബോധവും തിരിച്ചറിയുക!
Comments
Post a Comment